ഓസ്റ്റിന്‍: അമേരിക്കയിലെ വളരെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ ഓസ്റ്റിന്‍ ഫിലിം ഫെസ്റ്റിവല്‍ ആൻഡ് റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സിനിമ - സീരിയല്‍ സംവിധായകനായ ഷാജിയെം പങ്കെടുക്കുന്നു
പേര് സൂചിപ്പിക്കുന്നതുപോലെ സിനിമകള്‍ക്കും സംവിധായകര്‍ക്കും മാത്രമല്ല, തിരക്കഥാകൃത്തുക്കള്‍ക്കും വളരെ പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ അപൂര്‍വം ഫെസ്റ്റിവലുകളില്‍ ഒന്നാണ് ഓസ്റ്റിന്‍ ഫിലിം ഫെസ്റ്റിവല്‍.
ഈ മാസം 30 വരെ നീണ്ടു നില്ക്കുന്ന 32-ാം മത് ഫെസ്റ്റിവലില്‍ 180-ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനോടൊപ്പം നടക്കുന്ന റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ ഏതാണ്ട് ഇരുന്നൂറോളം തിരക്കഥകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ഷാജിയെമ്മിന്റെ ഒരു തിരക്കഥയും ഈ വര്‍ഷത്തെ റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കലാസംവിധായകനായി സിനിമയിലെത്തിയ ഷാജിയെം മൂന്ന് സിനിമകളും പതിനെട്ടോളം ടെലിവിഷന്‍ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്.
കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച സംവിധായകന് എന്ന അവാര്‍ഡ് അടക്കം പ്രശസ്തമായ നിരവധി അവാര്‍ഡുകളുടെ ജേതാവാണ് ഷാജിയെം.
സറീന വഹാബ് നായികയായി അഭിനയിച്ച ‘പരസ്പരം’, മീരാ ജാസ്മിന് നായികയായി എത്തിയ ‘മിസ് ലേഖാ തരൂര്‍ കാണുന്നത്’ എന്നീ പ്രശസ്ത സിനിമകള്‍ക്കു പുറമേ ‘അരുണ’, ‘നിഴലുകള്‍’, ‘മേലോട്ട് കൊഴിയുന്ന ഇലകള്‍’, പ്രശസ്ത നടി ഷീല അഭിനയിച്ച ‘വെളുത്ത കത്രീന’ തുടങ്ങി നിരവധി സീരിയലുകളും അദ്ദേഹത്തിന്റേതായുണ്ട്.
സംവിധായകന്, ആര്‍ട്ട് ഡയറക്ടര്‍ എന്നീ നിലകളിലല്ലാതെ സിനിമാ പോസ്റ്റേഴ്സിലും അദ്ദേഹത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഷാജിയെം. ഒരു നല്ല സംവിധായകന് എന്ന പോലെ, നല്ല ഒരു ചിത്രകാരനും കൂടിയാണ് ഷാജിയെം.